ഒന്നാം തീയതി

പരിശുദ്ധ കന്യകയുടെ നേരെയുളള ഭക്തിയുടെ പ്രാധാന്യം ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ അങ്ങയെ എന്റെ മാതാവും മധ്യസ്ഥയുമായി ഞാന്‍ ഏറ്റുപറയുന്നു. പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ. മക്കളോട് അമ്മയ്ക്കുളള സനേഹവും വാത്സല്യവും എന്നോട് അങ്ങ് കാണിക്കണമേ. ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്‍ത്ഥിക്കുവാനും, കൈവരിക്കുവാനും ഇടയാക്കണമേ. ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്‍ വഴിയായി പിതാവിന്റെ പക്കല്‍ അര്‍പ്പിക്കുവാന്‍ അമ്മേ അങ്ങ് തന്നെ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ ഞങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.
രണ്ടാം തീയതി

ലോകപരിത്രാതാവിന്റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തെരഞ്ഞെടുക്കപ്പെട്ട പരി.കന്യകേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരായിത്തീരാനുള്ള അനുഗ്രഹം ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തി പ്രാപിച്ച് ഞങ്ങള്‍ അങ്ങയോട് കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീരുവാനുളള അനുഗ്രഹം നല്‍കണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടുത്തെ മാദ്ധ്യസ്ഥം ഞങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ, നിന്റെ ശക്തിയാല്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലെത്തിച്ചേരുന്നതുവരെയും ഞങ്ങളെ നിരന്തരം സഹായിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങള്‍ക്കും നീ മാതാവാകണമെ.
മൂന്നാം തീയതി

മനുഷ്യരക്ഷക്കായി മനുഷ്യനായി അവതരിച്ച ഈശോനാഥാ, അങ്ങയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഉത്ഭവപാപത്തില്‍ നിന്നും, കര്‍മ്മ പാപങ്ങളില്‍ നിന്നും രക്ഷിച്ച അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. നിര്‍മ്മല ഹൃദയര്‍ക്കു ദൈവദര്‍ശനം വാഗ്ദാനം ചെയ്ത അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അമലോത്ഭവ മാതാവേ, പാപത്തിലും, പാപസാഹചര്യങ്ങളിലും നിന്നും രക്ഷപ്പെട്ട് കറയറ്റ ജീവിതം നയിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുകൃതജപം: അമലമനോഹരിയായ് മാതാവെ, അങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.
നാലാം തീയതി

അമലോത്ഭജനനീ മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊളളണമെ. പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരും അറിയുകയും സ്നേഹിക്കുകയും ചെയ്ചുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമെ. അങ്ങയുടെ ജനനം ഭൂലോകസൗഭാഗ്യം അനുഭവിക്കാനുളള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ഉദയനക്ഷത്രമായ പരി. മറിയമേ ഞങളുടെ ജീവിതം പ്രത്യാശപൂര്‍ണ്ണമാക്കണമേ.
അഞ്ചാം തീയതി

അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയെ അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്‍കിയരുള്ളണമെ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതനു വാസസ്ഥലം സജ്ജമാക്കി, ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹ്യദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ സുക്യതജപം: മറിയത്തിന്റെ വിമല ഹ്യദയമേ, ഇന്‍ഡ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.
ആറാം തീയതി

ദൈവമാതാവായ പരി.കന്യകയെ അങ്ങയുടെ വിസ്മയാവഹമായ എളിമയെപറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ല്ജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുകുമാരന്റെയും എളിമ അനുകരിക്കുവാനുളള അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമെ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതന്നെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയെക്കല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതവായ അങ്ങേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‌കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: വിശുദ്ധിയുടെ വിളനിലമായ മറിയമെ! ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിന് അനുരൂപമാക്കേണമെ.
എഴാം തീയതി

ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരി.കന്യകയെ അലങ്കരിച്ചു. ഞങ്ങള്‍ ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്റെ ചുമതലകള്‍ യഥാവിധിനിര്‍വഹിച്ചുകൊണ്ട് ഉത്തരോത്തരം വിശുദ്ധിയില്‍ പുരോഗമിച്ചുകൊണ്ട് അങ്ങേ ദിവ്യജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: സ്വര്‍ഗ്ഗരാജ്ഞിയായ മറിയമെ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ.
എട്ടാം തീയതി

ദൈവജനനിയായ് പരി.കന്യകാമറിയമേ, അവിടുന്ന് സകലഗുണസമ്പൂര്‍ണ്ണയായിരുന്നുവല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദിഭവിക്കുകയും ചെയ്യ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായമാത്യക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ ആശയാല്‍ ദിവ്യജനനീ ഞങ്ങള്‍ അങ്ങയുടെ സുക്യതങ്ങള്‍ അനുകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുക്യതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങ് പരിഹരിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ദാവീദിന്റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുളള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമെ.
ഒന്‍പതാം തീയതി

പരി.കന്യകയെ അവിടുന്ന് വി. യൗസേപ്പുമായിട്ട് വിവാഹിതയായിക്കൊണ്ട് കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയകുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകങ്ങളായിത്തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമെ. വിവാഹജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണന്നു മനസ്സിലാക്കി ഇന്നത്തെദമ്പത്കള്‍ അവരുടെ വൈവാഹികജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവനസന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കിത്തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ചുതരണമെ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: അറിവിന്റെ ദര്‍പ്പണമായ മറിയമേ, ദൈവികകാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കണമേ.
പത്താം തീയതി

കന്യകാമറിയത്തെ വിളിച്ചു മാതാവായി ഉയര്‍ത്തിയ പിതാവായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാദിധിക്കുന്നു. ദൈവ വിളിക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളുടെ മക്കളെ പ്രേരിപ്പിക്കുന്നതിനാവശ്യമായ തീഷ്ണത മാതാപിതാക്കന്മാര്‍ക്കു നല്‍കേണമേ. തങ്ങളുടെ ജീവിതാവസ്ഥ സംബന്ധിച്ചുള്ള കൃപാവരം കുട്ടികള്‍ക്കും നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവെ, അങ്ങയെപ്പോലെ ദൈവതിരുമനസ്സറിഞ്ഞു ജീവിക്കുവാനുള്ള അനുഗ്രഹം യുവതിയുവാക്കന്മാര്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ദൈവവരപ്രസാദത്തിന്റെ മാതാവെ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.
പതിനൊന്നാം തീയതി

മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. നിന്റെ വചനം പൊലേ എന്നില്‍ ഭവിക്കട്ടേ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യലോകത്തെ സൃഷ്ടിച്ചു. നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമിലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു. ഞങ്ങളുടെ ഭാവിജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നല്‍കണമേ.
പന്ത്രണ്ടാം തീയതി

ദിവ്യജനനീ അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയയായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്നു സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിനു നിദാനമെന്നു ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമസ്സിന് പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ജീവിതക്ലേശങ്ങളിലും, പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും, രോഗങ്ങളും , യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമരുളുവാന്‍ അങ്ങ് സഹായിക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ദൈവതിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമെ.
പതിമൂന്നാം തീയതി

ദൈവമേ, അങ്ങ് പരി. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്കു ഞങ്ങള്‍ ക്യതഞ്ഞത പറയുന്നു. ദൈവജനനീ അങ്ങ് സര്‍വ്വസൃഷ്ടികളിലും ഉന്നതയത്രെ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാകുന്നു. അവിടുത്തെ അനുകരിച്ചു കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്റെ യതാര്‍ത്ഥ അനുഗാമികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. സര്‍വ്വോപരി ഞങ്ങള്‍ക്ക് ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ച് തിരുസ്സഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ഉണ്ണീശോയെ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ.
പതിനാലാം തീയതി

പരി.കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായമിശിഹായേയും സംവഹിച്ചുകോണ്ടു പോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനുവേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവനരംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കുവേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനീ അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം അങ്ങ് ഞങ്ങള്‍ക്കു പ്രാപിച്ചുനല്‍കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദേവമാതവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തേണമെ.
പതിനഞ്ചാം തീയതി പരി.കന്യകയേ അങ്ങേ വിരക്തഭര്‍ത്താവായ യൗസേപ്പിനോടുകൂടി ബത്ലഹത്ത് ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ട് ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലൊ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുകുമാരന്റെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുകുമാരനു പ്രവേശനം നല്‌കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കണമെ. പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: സ്വര്‍ഗ്ഗരാജ്ഞീ, ഞങ്ങളെ സ്വര്‍ഗ്ഗീയഭാഗ്യത്തിനര്‍ഹരാക്കേണമെ.
പതിനാറാം തീയതി

പരി.കന്യകയേ അവിടുന്ന് അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍പോലും സാധിക്കാതെ അവിടുന്ന് വളരെ ദുഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളെയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമെ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: പിതാവായ ദൈവത്തിന്റെ പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടീ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
പതിനേഴാം തീയതി

മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്‍കിയ പ.കന്യകയെ, ഞങ്ങള്‍ക്ക് ദൈവിക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചുകൊണ്ട് ലോകരക്ഷയ്ക്കായി അങ്ങേ പുത്രനെ സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യമാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്നേഹിച്ചുകൊണ്ടു വിശ്വസ്തതാപൂര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരേണമേ. ഞങ്ങള്‍ മഹാമനസ്കതയും സ്നേഹവുമുള്ളവരായിത്തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!
പതിനെട്ടാം തീയതി

പരി.കന്യകയെ അങ്ങ് അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്കു നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന് അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മനൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ
പത്തൊന്‍പതാം തീയതി

ദൈവമാതവായ പരി.കന്യകാമറിയമേ, ഈജിപ്തിലേയ്ക്കുളള പ്രയാണത്തില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണിമിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ. എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ. അങ്ങു ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കുവേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാ കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: വിനയത്തിന്റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമെ.
ഇരുപതാം തീയതി

ദൈവമാതാവെ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസില്‍ ദേവാലയത്തില്‍ വച്ചു കാണാതെപോയപ്പോള്‍ അവിടുന്ന് അപാരമായ ദു:ഖം അനുഭവിച്ചല്ലോ. പ്രീയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിനു അവിടുന്ന് പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു, ഈശോയെ ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ. മാതാവ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നയിക്കുന്നതാണ്. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: എന്റെ അമ്മേ, എന്റെ ആശ്രയമെ.
ഇരുപത്തിയൊന്നാം തീയതി

ദൈവമാതവേ, അവിടുന്ന് ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചുകൊണ്ട് രക്ഷാകര്‍മ്മ്ത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കണമേ. അവിടുത്തെ ദിവ്യസുതന്റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരും അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരും പാപികളായിട്ടുള്ളവരെ അങ്ങേ ദിവ്യകുമാരന്റെ സവിധത്തിലേയ്ക്കാനയിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെ. കാനായിലെ കല്യാണവിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവനചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളേയും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.
ഇരുപത്തിരണ്ടാം തീയതി

ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടുകൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്ന് സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കണമെ. അങ്ങേ ദിവ്യസുതന്റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: കുരിശിലെ യാഗവേദിയില്‍ സന്നിഹിതമായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ.
ഇരുപത്തിമൂന്നാം തീയതി

ദൈവജനനീ അങ്ങു ഞങ്ങളുടെ ആദ്ധാത്മികമാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വ്വസൃഷ്ടികളുടെയും നാഥയും മാതവുമാണ് . എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങു വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്റെ മരണശയ്യയായ കുരിശുനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായികൊണ്ട് ഞങ്ങള്‍ക്ക് ആദ്ധ്യാത്മികജീവന്‍ പ്രാപിച്ചുതന്നതു കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിനജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമെ.
ഇരുപത്തിനാലാം തീയതി

മരിയാംബികേ, അവിടുന്ന് പ്രാരംഭസഭയില്‍ ജീവിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് ധൈര്യവും ശക്തിയും പകര്‍ന്നു. ഇന്നും സഭയുടെ ഉല്‍കര്‍ഷത്തിലും വിജയത്തിലും അങ്ങ് തനുരയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളും സഭാമാതാവിനെ സ്നേഹിക്കുവാനും അവളോടൊത്തു ചിന്തിക്കുവാനും സഭയുടെ ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനുള്ള അനുഗ്രഹങ്ങള്‍ നല്‍കേണമെ. പ്രത്യേഗിച്ച് ഇന്ന് വിവിധ രാജ്യങ്ങളില്‍ സഭ മര്‍ദ്ദ്നത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നാഥേ, പ്രസ്തുത രാജ്യങ്ങളില്‍ തിരുസഭ വിജയംവരിച്ച് സഭാസന്താനങ്ങള്‍ അങ്ങേ തിരുക്കുമാരനും സംപ്രീതിജനകമായ ജീവിതം നയിക്കുന്നതിനും ആവശ്യമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതവേ! ജീവിത ക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
ഇരുപത്തിയഞ്ചാം തീയതി

പരി. കന്യകയെ അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ചയുടെ പൂര്‍ത്തീകരണമായിരുന്ന നാഥേ ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയസൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.
ഇരുപത്തിയാറാം തീയതി

സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും ആഗ്രാഹ്യമാണ് . നാഥേ അങ്ങേ സ്വര്‍ഗ്ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിചേരുവാനുള്ള അനുഗ്രഹം ലഭിച്ചുതരണമെ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കുക. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: പാപികളുടെ സങ്കേതമായ മറിയമേ! പാപികളായ ഞങ്ങള്‍ക്ക് നീ അദ്ധ്യസ്ഥയാകേണമേ.
ഇരുപത്തിയേഴാം തീയതി

ദൈവമാതവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. ഏകമദ്ധ്യസ്ഥനായ മിശിഹാകഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങു വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും പരിമാണത്തിലും ആഗ്രഹിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകീകവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ. ലോകസമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ.
ഇരുപത്തിയെട്ടാം തീയതി

അമലമനോഹരിയായ മരിയാംബികയെ അങ്ങ് വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോട് വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്ന് ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ളാ അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ച് നിര്‍മ്മലജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമെ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: വരപ്രസാദപൂര്‍ണ്ണയായ മാതാവേ! ദൈവവരപ്രസാദത്തിന്റെ ചാലുകള്‍ ഞങ്ങളിലേയ്ക്ക് നീയൊഴുക്കേണമേ.
ഇരുപത്തിയൊന്‍പതാം തീയതി

പരി.കന്യകയെ അങ്ങ് ഞങ്ങളുടെ സര്‍വ്വവലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും; അനുകരിക്കുവാനും ഞങ്ങള്‍ക്ക് കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങ് നല്‍കേണമെ. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവ്ശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്ക് പ്രത്യാശ; ദു:ഖങ്ങളില്‍ അവിടന്നാണാശ്വാസം. നാഥേ, അങ്ങേ കരുണാകടാക്ഷം ഞങ്ങളുടെമേല്‍ തിരിക്കേണമെ. ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരേണമെ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: ശാന്തഗുണത്തിനു മാതൃകയായ മറിയമേ, ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കേണമെ.
മുപ്പത്താം തീയതി

സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിദ്ധ്യത്തില്‍ നിന്നെ എന്റെ രാജ്ഞിയും മാതവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് എന്റെ ജ്ഞാനസ്നാനവ്രതങ്ങളെ നവീകരിക്കുന്നു. നിന്റെ അവകാശങ്ങള്‍ എന്റെമേല്‍ പ്രയോഗിച്ചുകൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്റെ സ്നേഹദൗത്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിനെയും ശരീരത്തെയും അതിന്റെ എല്ലാ കഴിവുകളേയും എന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെവിനിയോഗിച്ചു കൊള്ളേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: സ്വര്‍ഗ്ഗരാജ്ഞിയായ മറിയമെ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമെ.
മുപ്പത്തിയൊന്നാം തീയതി

പരി.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ അമലോത്ഭവകന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എനിക്കും നിന്റെ നേരെയുള്ള സ്നേഹത്തിന്റെ ലക്ഷ്യമായി എന്റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ്മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയും അങ്ങേയ്ക്കു കാഴ്ചവെയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ചു എന്റെ രക്ഷയായിരിക്കണമെ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ചു ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമെ. പിതാവായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ പ്രിയമുള്ള മണവാട്ടിയുമായ പരി. കന്യകയേ ഞങ്ങളെ അനുഗ്രഹിക്കേണമെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:ദൈവജനത്തിനു മാതാവായ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.